സെൻസർ ചെയ്യാത്ത കൂവലുകൾ
"എന്റെ പ്രിയപ്പെട്ട പൗരപ്രജകളെ..." അധികാരിയുടെ ശാന്തസ്വരം രാജ്യത്തുടനീളം ഒരു നിശബ്ദതയുടെ നടുക്കം പടർത്തി. സുപ്രഭാതം ആഞ്ഞ് കൂവി കൊണ്ടിരുന്ന പൂവൻമാർ മുഴുവിക്കാതെ ഒരു വെള്ളിയോടു കൂടി കൂവൽ പകുതിക്ക് വിഴുങ്ങി. വാവിട്ട് കരഞ്ഞിരുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് പെണ്ണുങ്ങൾ ചുക്കി ചുളിഞ്ഞ മുലകൾ തിരുകി നിലവിളികൾ അവസാനിപ്പിച്ചു. തളർന്ന് കിടന്നിരുന്ന കിഴവന്മാരുടെ ഏങ്ങിയെരിയുന്ന അടിവയറ്റിനു താഴേക്ക് രക്ത പ്രവാഹം ഇരമ്പി.

(1)
പണ്ട് പണ്ടൊരു അർദ്ധനഗ്നനായ പ്രവാചകൻ ജീവിച്ചിരുന്നെന്നും കടുത്ത മാനോവ്യധക്ക് കീഴടങ്ങിയൊരു നാൾ സ്വയം നിറയുതിർത്ത് ജീവഹൂതി ചെയ്തെന്നും കട്ടായം വിശ്വസിക്കുന്ന ഭൂരിപക്ഷത്തിന്റെ കാലം. തുടക്കം മൃഗക്കൊഴുപ്പിന് ഗന്ധം പരക്കും വെടിയുണ്ടകളും ചുവടെ പോറലേറ്റ് തളർന്ന വായ്-വരമൊഴികളും ചരിത്രത്തെ പിച്ചിച്ചീന്തി കടന്നുപോയൊരു കെട്ട കാലം.
ഭൂഗോളത്തിന്റെ നിലയുറയ്ക്കാത്ത ഏതോ ഒരു കോണിൽ, ഡക്കോട്ടൻ ജനായത്ത റിപ്പബ്ലിക്കിന്റെ വരമ്പത്ത്, വെളുപ്പിനെ മങ്ങിത്തുടങ്ങിയ നിലാവിനു താഴെ കുന്തിച്ചിരുന്ന് തലേന്നത്തെ പുഴുക്കിന്റെയും മുളക് കറിയുടെയും ദഹനഭാരം ഇറക്കി വെക്കുമ്പോൾ ഇഷ്താക്കയുടെ മുഖത്ത് വല്ലാത്തൊരു നിസ്സംഗത മൂടിക്കെട്ടിയിരുന്നു. കാന്താരിയുടെ പുകച്ചിൽ കുടലിൽ നിന്ന് ധരണീതലത്തിലേക്ക് പ്രവഹിച്ചപ്പോൾ ആശ്വാസമായിരുന്നില്ല മറിച്ച് ഒഴിയുന്ന വയറിന്റെ അന്തരാർത്തികളായിരുന്നു അയാളെ അലട്ടിയത്. ഇടത് കൈയ്യിൽ ചുരുട്ടി പിടിച്ചിരുന്ന ഒരു പിടി ഉണക്കപ്പുല്ല് കൊണ്ട് കവാടം തുടച്ചു വൃത്തിയാക്കി. വിരിഞ്ഞ മാറിടം കൊണ്ട് കാലഗതിയെ തിരിച്ചുവിട്ട ഏതോ മഹാനുഭാവൻ പണ്ടെങ്ങോ നാട്ടിയ സ്വച്ഛതാ മോഷൻ കുറ്റിക്കല്ലിൽ പിടിച്ച് മുട്ട് നിവർത്തും നേരം ഇഷ്താക്ക ഓർത്തത് ചെറുപ്പത്തിലേ മൂപ്പീന്ന് പറഞ്ഞു കേട്ടിരുന്ന കഥയാണ്.
മൂപ്പീന്നിന്റെ ചെറുതിലേ ആളുകൾ വെള്ളം കൊണ്ടാണത്രേ പ്രവാഹം ശേഷം കവാടം വൃത്തിയാക്കിയിരുന്നത്.
"ഓരോ അന്ധവിശ്വാസങ്ങൾ അല്ലാതെന്താ"
ആത്മഗതം നുണഞ്ഞ് ഇഷ്താക്ക വീട്ടിലേക്ക് നടന്നു. മൂപ്പീന്നുമായുള്ള തന്റെ ബന്ധമെന്താണെന്ന് ഇഷ്താക്കക്ക് ശരിക്കും നിശ്ചയമില്ല. ഓർമ്മയുള്ള കാലം മുതൽ കാണുന്ന, ബലിഷ്ഠമായ ശരീരത്തിൽ നരച്ചരോമങ്ങളുള്ള ഒരു മനുഷ്യൻ. എല്ലാവരും മൂപ്പീന്നിനെ മൂപ്പീന്നെന്നു തന്നെയാണ് വിളിച്ചിരുന്നത്, ഇഷ്താക്കയും. കുഞ്ഞിലേ ഉറങ്ങാൻ പറ്റി ചേർന്നിരുന്ന ചൂടായി, പിന്നെ പിന്നെ രാത്രിയിൽ ശരീരം മുഴുവൻ ഇഴഞ്ഞിറങ്ങുന്ന സർപ്പകൈകളായ്, ഒടുക്കം തന്നില് വിഷം ചീറ്റി കിതയ്ക്കും ഭാരമായൊക്കെയാണ് മൂപ്പീന്നിനെ ഇഷ്താക്ക ഓർക്കുന്നത്. ഒരിക്കൽ പോലും തന്നിലെ എക്സ് വൈ ക്രോമസോമുകളുടെ പൊതു വക്താവായി മൂപ്പീന്നിനെ അയാൾക്ക് തോന്നിയിട്ടില്ല. എങ്കിലും മൂപ്പീന്നിനെ ഇഷ്താക്കക്ക് ഇഷ്ട്ടമായിരുന്നു, അവിശ്വസനീയമെങ്കിലും മൂപ്പീന്നിന്റെ കഥകളും.
തിരികെ പോകുന്ന വഴിയിലൊക്കെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന സ്വച്ഛതാ മോഷൻ കുറ്റികല്ലുകൾക്കടുത്ത് നിന്ന് കുടലു പുകച്ചിലിന്റെ ഇളക്കങ്ങൾ ഇഷ്താക്ക കേൾക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് രാജ്യ ഉച്ച ഭാഷിണികൾ ശബ്ദിച്ചു തുടങ്ങിയത്.
"അല്പ്പ സമയത്തിനകം തന്നെ രാജ്യാധികാരി ജനങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് "
ഒരോ കിലോമീറ്റർ ഇടവിട്ട് രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണി ശൃംഖല പൂർണമായും സോളാറിലാണ് പ്രവർത്തിക്കുന്നത്. തന്റെ ജനങ്ങളോടുള്ള ആശയവിനിമയമാണ് ഒരു ഉത്തമ ജനായത്തത്തിന്റെ ലക്ഷണമെന്ന അധികാരിയുടെ ആദർശത്തിന്റെ ഫലമാണ് ഈ സംവിധാനം.
"എന്റെ പ്രിയപ്പെട്ട പൗരപ്രജകളെ..."
അധികാരിയുടെ ശാന്തസ്വരം രാജ്യത്തുടനീളം ഒരു നിശബ്ദതയുടെ നടുക്കം പടർത്തി. സുപ്രഭാതം ആഞ്ഞ് കൂവി കൊണ്ടിരുന്ന പൂവൻമാർ മുഴുവിക്കാതെ ഒരു വെള്ളിയോടു കൂടി കൂവൽ പകുതിക്ക് വിഴുങ്ങി. വാവിട്ട് കരഞ്ഞിരുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് പെണ്ണുങ്ങൾ ചുക്കി ചുളിഞ്ഞ മുലകൾ തിരുകി നിലവിളികൾ അവസാനിപ്പിച്ചു. തളർന്ന് കിടന്നിരുന്ന കിഴവന്മാരുടെ ഏങ്ങിയെരിയുന്ന അടിവയറ്റിനു താഴേക്ക് രക്ത പ്രവാഹം ഇരമ്പി. "എല്ലാവർക്കും പരമ സൗഖ്യമെന്നറിയാം എങ്കിലും ഔപചാരികതയുടെ പേരിൽ മാത്രം ചോദിക്കുകയാണ് പൗരപ്രജകളെ! സൗഖ്യം തന്നെയല്ലേ..
ഒരു പ്രധാന കാര്യം നിങ്ങളെ അറിയിക്കാനാണ് ഇന്നീ സമയത്ത് തന്നെ വന്നിരിക്കുന്നത്.. ജനങ്ങളിൽ പലരും അനാവശ്യമായി സമയം പാഴാക്കുന്നതും മടിപിടിച്ചിരിക്കുന്നതും പാർലമെന്റിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. രാജ്യത്തിന്റെ ആകെ മൊത്തമുള്ള ഉന്നമനത്തിനായി അതിനാൽ ഇന്ന് അതിരാവിലെ മുതൽ മുൻകൂർ അനുമതി വാങ്ങാതെയുള്ള ചിരികളൊക്കെ നിരോധിക്കുന്നതായ് ജനങ്ങളെ അറിയിച്ചുകൊള്ളുന്നു. എല്ലാം നിങ്ങളുടെ, അല്ല നമ്മുടെ കൂട്ടായ നന്മക്കായാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. എനിക്ക് നിങ്ങൾ വെറും ഒരു വർഷത്തെ സമയം തരൂ. ഈ ചിരി നിരോധനത്തിന്റെ അനന്തരഫലം നമ്മുടെ മൊത്ത ദേശീയ ഉത്പാദനത്തിൽ പ്രതിഫലിച്ചില്ലെങ്കിൽ എന്നെ നിങ്ങൾ പച്ചയ്ക്ക് കുഴിച്ച്മൂടൂ.."
അധികാരിയുടെ അറിയിപ്പിന് ശേഷം പതിവ് പോലെ ഡക്കോട്ടൻ ദേശീയ ഗാനം കേട്ട് തുടങ്ങിയിരുന്നു. രാജ്യം ഒന്നിച്ച് എണീറ്റ് കൈ തലയ്ക്ക് മീതെ പത്താംഗുലം ഉയർത്തിക്കൂപ്പി ഒറ്റക്കാലിൽ നിന്ന് രാജ്യസ്നേഹം പ്രകടിപ്പിച്ചു. കുറ്റിക്കല്ലിന്റെ ഓരത്ത് നിന്ന് കാര്യം പകുതിക്ക് നിർത്തിവെച്ച് എണീറ്റു നിന്ന പലരിലും രാജ്യദ്രോഹത്തിന്റെ പൊട്ടലും ചീറ്റലും വമിച്ചു. ഒറ്റക്കാലില് നിന്നുലയും നേരവും പലരുടെയും മുഖത്ത് ഒരു ശോഷിച്ച ചോദ്യ ചിഹ്നം ബാക്കിയായിരുന്നു.
"ചിരിയോ, അതെന്താണ്...!"
(2)
ഇഷ്താക്ക നിന്നിടത്ത് നിന്നും അരമണിക്കൂർ നേരം നടക്കാനുള്ള ദൂരത്ത് അയാളുടെ നല്ല പകുതി ഈയാരി അതിരാവിലെ തന്നെ ഞെട്ടി ഉണർന്നത് രക്തം വാർന്നുപോകുമാറൊരു ദുഃസ്വപ്നത്തിൽ നിന്നാണ്. ഒരു കൈക്കുഞ്ഞോളം വലുപ്പത്തിൽ ഇഷ്താക്ക ഈയാരിയുടെ മടിയിൽ കിടന്ന് തന്റെ ദംശ്ട്രകൾ നീട്ടി അവളുടെ മാറിൽ നിന്നും രക്തം വലിച്ചു കുടിക്കുന്നതായിരുന്നു ദർശനം. ഞെട്ടി ഉണർന്ന ഈയാരി താൻ പോലുമറിയാതെ എന്നോ തന്റെയുള്ളിൽ കയറിക്കൂടിയ ആത്മഗതഗാഥയിൽ മുഴുകി..
"കാറ്റേയും കൂടി കുടിച്ചുകൊണ്ടീടിനാൻ
താറ്റോലിച്ചങ്ങവൾ നൽകുമപ്പോൾ
ഏറ്റമെഴുന്നൊരു പീഡയെക്കൊണ്ടവൾ
ചീറ്റന്തി രണ്ടു കരഞ്ഞു പിന്നെ
ഭൂതലന്തന്നിൽ പതിച്ചുനിന്നീടിനാൾ
ചേതനയോടു പിരിഞ്ഞു നേരെ"
ഉണർന്നപാടെ അങ്ങനെ ഓരോന്ന് ചിന്തിച്ച് ചിറിയൊട്ടിയിരിക്കും നേരത്താണ് മുറ്റത്ത് ഇഷ്താക്കയുടെ ഗന്ധം പരന്നത്. ഈയാരി പുറത്തേക്ക് ചെല്ലുമ്പോൾ ഇഷ്താക്ക തിണ്ണയിൽ ഇരുന്ന് ഉച്ചിയിൽ കയറിയ കിതപ്പിനെ പ്രാകിയിറക്കുകയായിരുന്നു. കിതപ്പാറി വന്നപ്പോൾ നാവിൽ നിന്ന് വരണ്ടൊട്ടിയ തൊണ്ടയിലേക്ക് കടക്കുന്ന ഉമിനീര് ആവിയായി പോകുന്നതുപോലെ അയാൾക്ക് തോന്നി. പണ്ടൊക്കെ മൂപ്പീന്ന് പണി കഴിഞ്ഞ് അതിരാവിലെ എത്തുമ്പോൾ പുറത്തേക്ക് മുടങ്ങാതെ എത്തിയിരുന്ന ഒരു കോപ്പ വെള്ളം അയാൾക്ക് ഓർമ്മ വന്നു..
ആ കോപ്പയുടെ അറ്റത്തു നിന്നും തെളിഞ്ഞു വന്ന കൈകൾ, ഒരുടൽ ഇഷ്താക്കയുടെ മറവികളെ എടുത്തൊന്ന് കുടഞ്ഞു.
"സ്നേഹം നരകത്തിൻ ദ്വീപിൽ സ്വർഗ്ഗ-
ഗേഹം പണിയും പടുത്വം
അമ്മതൻ നെഞ്ഞു ഞെരമ്പിൽ തങ്ങി
ചെമ്മേ ചെഞ്ചോരയെത്തന്നെ"
പെട്ടെന്ന് അയാൾ എന്തോ ഓർത്ത് പകുതി എഴുന്നേറ്റ്, തല അകത്തേക്ക് നീട്ടി വീടിന്റെ ഉത്തരത്തിനു കുറുകേയോടിയിട്ടുള്ള കട്ടിയുള്ള കഴുക്കോലിലേക്ക് നോക്കി. ഉണങ്ങി ചുളിഞ്ഞ ഒരു കുറിയ രൂപം അതിൽ ചുറ്റിപ്പിടിച്ച് ഇരിക്കുന്നുണ്ട്. ഇടയ്ക്കിടെ നാവ് പുറത്തേക്ക് വന്നു പോകുന്നതിനാൽ മാത്രം അതിന് ജീവനുണ്ടെന്ന് മനസ്സിലാകുന്നു.
"ഇന്നല്ലേ പുരസ്കാരദാനം? "
തിണ്ണയിൽ തന്നോട് ചേർന്നിരിക്കുന്ന ഈയാരിയെ അപ്പോഴാണ് ഇഷ്താക്ക ശ്രദ്ധിക്കുന്നത്. ആ ചോദ്യത്തിന് പക്ഷേ ഇഷ്താക്കയുടെ മുഖത്ത് ഭാവമാറ്റം ഒന്നും ഉണ്ടാക്കാനായില്ല. അതേന്ന് ഒരു മൂളൽ മാത്രം.
"എന്ത് ഉപകാരമാണ് ചോദിക്കേണ്ടത് എന്ന് തീരുമാനിച്ചോ?"
മറുപടിയൊന്നും ഉണ്ടായില്ല.
ഒരു കൊല്ലം മുന്നേ നടന്ന സംഭവമാണ്. ഉറ്റ ചങ്ങാതിയെ ഒറ്റുന്നതിന്റെ കുറ്റബോധം ഒന്നും അന്നും ഇന്നും ഇഷ്താക്കയെ അലട്ടിയിട്ടില്ല. ഉള്ളു നിറയെ ഒരു രാജ്യദ്രോഹിയെ തുറന്നുകാട്ടുന്നതിലുള്ള ആത്മാഭിമാനം മാത്രമായിരുന്നു. മിത്രത്തിന്റെ രഹസ്യമായുള്ള പുസ്തക ശേഖരം കത്തി വെണ്ണീറാകുന്നതിന് പിന്നാലെ നിയമവിരുദ്ധമായി എഴുത്തും വായനയും പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ശ്രമിച്ചത് ഉൾപ്പെടെ കലാപശ്രമത്തിന് രാജ്യദ്രോഹിയെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. രാജ്യ സ്നേഹത്തിന്റെ മഹനീയ മാതൃക മുൻനിർത്തിയ ഇഷ്താക്കയുടെ പേരിൽ ഡക്കോട്ട മഹാദേശത്തെ പരമോന്നത സിവിലിയൻ ബഹുമതിയും പ്രഖ്യാപിക്കുകയുണ്ടായി. രാജ്യത്തുടനീളം ക്ഷണിക്കപ്പെട്ട് ആദരവേറ്റ് വാങ്ങിയത്, എണ്ണമറ്റ കല്ലിടൽ ചടങ്ങുകൾ, പേരിടൽ ചടങ്ങുകൾ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ അയാൾക്ക് തോന്നി.
കൃത്യം ഒരാണ്ടിനിപ്പുറം ഇന്നാണ് പുരസ്കാരദാന ദിനം. പുരസ്കാരത്തെക്കാളുപരി രാജ്യാധികാരിയെ നേരിട്ട് കാണുവാനുള്ള ഒരു അത്യപൂർവ്വ അവസരം കൂടിയാണ് ലഭിക്കുക.അങ്ങനെ നേരിട്ട് കാണുവാനുള്ള അവസരം ലഭിക്കുമ്പോൾ എന്തെങ്കിലും ഒരാവശ്യം ഉണർത്തിച്ചാൽ അത് സാധിച്ചു കിട്ടും എന്നുള്ളത് ഉറപ്പാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ ഒരു കൊല്ലക്കാലമായി തികഞ്ഞ രാജ്യസ്നേഹിയുടെ തലയെടുപ്പിൽ പോലും എവിടെ തിരിഞ്ഞാലും ആ ദിവസം വന്നെത്തുമ്പോൾ ചോദിക്കേണ്ട ആവശ്യത്തെപ്പറ്റിയുള്ള നിർദ്ദേശങ്ങളിൽ തട്ടിത്തടഞ്ഞാണ് ഇഷ്താക്ക നടന്നിരുന്നത്. തിരുവുള്ളക്കേടുണ്ടാകാതെ എന്ത് ചോദിക്കുമെന്ന ചിന്തയിലാണ് അയാൾ വിശപ്പിനെ പഴിച്ചതും ഉറങ്ങിയതുമെല്ലാം.
രാജ്യത്തെ ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഉറങ്ങിയുമുണർന്നു തളർന്ന്, മരവിച്ച് ജീവിക്കുന്ന ഈയാരിക്ക് ഒരൊറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളു. അധികാരിയുടെ ജനകീയാസൂത്രണത്തിന്റെ ഫലമായി അനുമതിയില്ലാത്ത ഗർഭധാരണങ്ങൾക്കെല്ലാം ജീവപര്യന്തമാണ് ശിക്ഷ. പാർലമെന്റ് ജനകീയാസൂത്രണ സമിതി നാമനിർദ്ദേശം ചെയ്യുന്നവർക്ക് മാത്രം വർഷാവർഷം ഗർഭം ധരിക്കാനുള്ള അനുമതിയുണ്ട്. അതും പ്രത്യേകം കഴിവുകൾ പ്രദർശിപ്പിക്കുന്നവർക്കും കൃത്യമായ അച്ചടക്കം വച്ച് പുലർത്തുന്നവർക്കും മാത്രമേ തങ്ങളുടെ ജീനുകളെ അടുത്ത തലമുറയിലേക്ക് കടത്തിവിടുവാന് അനുവാദമൊള്ളു. ഒരു കൊല്ലം മുന്നേ വരെ ഈയാരിയുടെ സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന ആ ഒരു കാര്യത്തിൽ പക്ഷേ ഇപ്പോൾ അവൾ വല്ലാത്ത പ്രതീക്ഷയിലാണ്. രാജ്യം കണ്ട ഏറ്റവും വലിയ രാജ്യ സ്നേഹിയായ ഇഷ്താക്ക അങ്ങനെ ഒരാവശ്യം ഉന്നയിച്ചാൽ എങ്ങനെയാണ് അധികാരിക്ക് അത് തള്ളിക്കളയാനാകുക? പക്ഷേ ഇഷ്താക്കയോട് ഒന്നും കടുപ്പിച്ച് പറയാൻ അവൾക്ക് കഴിയില്ല. ഇഷ്താക്കയുടെ മനസ്സിൽ എന്താണെന്ന് അവൾക്ക് ഒരു നിശ്ചയവുമില്ലതാനും.
ഒടുവിൽ ആ ദിവസം ഇങ്ങെത്തിയപ്പോൾ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലൊരു നിശ്ചയദാർഢ്യം ഇഷ്താക്കയുടെ കുഴിയിലേക്കിറങ്ങിയിരിക്കുന്ന കണ്ണുകളിൽ തെളിഞ്ഞ് നിൽക്കുന്നുണ്ട്.
(3)
പാർലമെന്റിന്റെ പുറം കവാടം കടന്ന് അകത്തേക്ക് കയറിയ ഇഷ്താക്ക സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണരാൻ പലകുറി ശ്വാസം നീട്ടിവലിച്ചു വിട്ടെങ്കിലും യാഥാർത്ഥ്യത്തിൽ മിഴിച്ചു നിന്നുപോയി. കവാടത്തിൽ വസ്ത്രങ്ങളൊക്കെ അഴിച്ചുവെച്ചുള്ള പരിശോധനക്ക് ശേഷം മുന്നിൽ കണ്ട വലിയ പാതയുടെ ഒരു വശത്തുകൂടി ഒരു നിഴലു കണക്കെ ഇരുവശത്തേയും കാഴ്ചകളിൽ ലയിച്ച് പാർലമെന്റ് കെട്ടിടത്തിലേക്ക് അയാൾ നടന്നു. മൂപ്പീന്നിന്റെ കഥകളിൽ നിന്നിറങ്ങിവന്നൊരു സ്വര്ഗ്ഗം കൺമുന്നിൽ കണ്ടറിയുന്നത് പോലെ അയാൾക്ക് തോന്നി.
അത്ഭുതം തലച്ചോറിലേക്ക് തുളഞ്ഞു കയറുമ്പോഴും അധികാരിയോട് എന്ത് വരം ചോദിക്കും എന്ന് ഒന്നുകൂടി ഇഷ്താക്ക ഉറപ്പിക്കുകയായിരുന്നു.
കുടിവെള്ളത്തിന്റെ റേഷൻ കുറച്ച് കൂട്ടി നൽകണമെന്ന് അപേക്ഷിക്കണം. പക്ഷേ ഇഷ്താക്കയെ അലട്ടിയിരുന്ന ഏറ്റവും പ്രധാന പ്രശ്നം, അഭിമാനപ്രശ്നം അതൊന്നുമായിരുന്നില്ല. അതയാളുടെ വീട്ടിലെ ഗോമാതാവിന്റെ ഗർഭമായിരുന്നു. പുറത്തേക്കിറങ്ങുമ്പോൾ കിടാവിന് വിശേഷമൊന്നുമായില്ലേ എന്ന് തന്റെ നേർക്ക് സഹതാപത്തോടെ പതിക്കുന്ന ഓരോ ചോദ്യവും ഒരു തികഞ്ഞ രാജ്യസ്നേഹിയായ ഇഷ്താക്കക്ക് തൊലിയുരിഞ്ഞ് പോകുന്നത് പോലുള്ള അനുഭവങ്ങളായിരുന്നു. കഴിഞ്ഞ എത്ര ഗർഭമാണ് അലസി പോയതെന്ന് അയാൾക്ക് കണക്കില്ല. ഡക്കോട്ടയിലെ നാട്ടുവൈദ്യങ്ങളൊക്കെയും ചികഞ്ഞ് നോക്കി ഇതുവരെ ഒരു ഫലവുമുണ്ടായിട്ടില്ല. ഇനി ഇതിനൊരു പരിഹാരം കണ്ടെത്തി നൽകാൻ എന്തായാലും അധികാരി വിചാരിച്ചാലേ കഴിയുകയുള്ളൂ എന്നയാൾ ഉറച്ച് വിശ്വസിക്കുന്നു. അങ്ങനെ ചിന്തയുടെ നുറുങ്ങുകൾ ദഹിച്ച് തുടങ്ങുമ്പോഴേക്കും നടന്ന് നടന്ന് പാർലമെന്റ് പ്രധാന കെട്ടിടത്തിന്റെ കവാടമെത്തിയിരുന്നു. അകത്ത് വിശാലമായ ഒരു ഹാളിൽ അധികാരിയുടെ വരവിനായി കാത്തുനിൽക്കാൻ ഒരാൾ വന്ന് ഒരിടം കാട്ടിക്കൊടുത്തു.അപ്പോഴാണ് തീർത്തും ശീതീകരിച്ച ആ മുറിയിൽ ഇഷ്താക്കക്ക് അസഹ്യമായ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങിയത്. അയാളുടെ ചുണ്ടുകൾ വിറയിൽ കൊണ്ടു, പല്ലുകൾ കൂട്ടി മുട്ടാൻ തുടങ്ങി.
പെട്ടെന്ന് തന്നെ ഒരു കൂട്ടം പരിചാരകരാൽ ആനയിക്കപ്പെട്ട് അധികാരി അവിടേക്ക് കടന്നു വന്നു. റാണിക്ക് ചുറ്റും വരിവെക്കുന്ന ഉറുമ്പിൻ കൂട്ടത്തിന്റെ ജാഥയെ ഓർമ്മിപ്പിക്കും വിധം കടന്നു വന്ന ആ കൂട്ടത്തിൽ അധികാരിയെ തിരിച്ചറിയാൻ ഇഷ്താക്കക്ക് ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. ആ മുഖത്തേക്ക് ഒന്ന് നോക്കും മുന്നേ തന്നെ ആദരവാൽ ഇഷ്താക്ക തലകുനിച്ച് രണ്ടു കൈയ്യും മുകളിലേക്കുയർത്തി കൂപ്പി ഒറ്റക്കാലിൽ നിന്ന് വണങ്ങി. തണുത്ത് വിറങ്ങലിച്ച അയാൾ ഉടന്തന്നെ നിലതെറ്റി താഴേക്ക് പതിച്ചു. അവിടെ കിടന്ന് സാഷ്ടാംഗം വണങ്ങി.
"രാജ്യ സ്നേഹത്തെക്കാൾ വലുതല്ല മറ്റേത് ബന്ധങ്ങളും എന്ന് തെളിയിച്ച, രാജ്യ സ്നേഹത്തിന്റെ മകുടോദാഹരണമായി മാറി ചരിത്രത്തിന്റെ സുവർണ്ണ ലിപികളിൽ എഴുതി ചേർക്കേണ്ട നാമധേയം ഇഷ്താക്ക! എഴുന്നേറ്റാലും രാജ്യത്തിന്റെ ഈ ബഹുമതി ഏറ്റു വാങ്ങിയാലും "
അധികാരിയുടെ വാക്കുകൾ കേട്ട് ജീവിതത്തിൽ അന്നാദ്യമായി ഇഷ്താക്കയ്ക്ക് രോമാഞ്ചമുണ്ടായി. എത്രപേർ കൊതിക്കുന്ന ഒരവസരമാണിത്. അയാൾക്ക് തുടരെ തുടരെ ദേഹത്ത് നിന്നും രോമങ്ങൾ പിഴുത് പോകുന്നത് പോലെ തോന്നി.
ഇഷ്താക്ക പതിയെ എഴുന്നേറ്റ് നിന്നു. പരിചാരകർക്കിടയിൽ നിന്ന് അധികാരി മുന്നിലേക്ക് വന്ന് ഒരു ഫലകവും പ്രശസ്തിപത്രവും ഇഷ്താക്കക്ക് കൈമാറി. പുരസ്കാരം ഏറ്റു വാങ്ങുമ്പോൾ ഭക്തിയാദരവോടെ ഇഷ്താക്ക ആ മുഖത്തേക്കൊന്നു നോക്കി. ചുവന്ന് തുടുത്ത്, വീർത്ത് പഴുത്ത ആ മുഖം കണ്ടപ്പോൾ ഇഷ്താക്കയുടെ വയറിനുള്ളിൽ ഒരു വിളിയുതിർന്നു ആ വിളിയുടെ ഇങ്ങേപ്പുറം വായിൽ വെള്ളമൂറി വന്നു. പെട്ടെന്നയാൾ നോട്ടം പിൻവലിച്ചു.
"പറയു എന്താഗ്രഹമാണ് താങ്കൾക്ക് സാധിച്ചു തരേണ്ടത് "
താൻ ഏറെ പ്രതീക്ഷിച്ചിരുന്ന ആ ചോദ്യം, ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയിരുന്ന ആ ചോദ്യം. പറഞ്ഞറിയിക്കാന്കഴിയാത്ത സന്തോഷം തോന്നിയെങ്കിലും പെട്ടെന്നത് കേട്ടപ്പോൾ ഇഷ്താക്കയുടെ പരിങ്ങലിച്ച ദേഹത്ത് നിന്ന് ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല.
"മടിക്കാതെ ചോദിച്ച് കൊള്ളു"
കുടിവെള്ളത്തിന്റെ കാര്യമൊക്കെ അപ്പോഴേക്കും അയാൾ മറന്നിരുന്നു.ഒരുവിധം പണിപ്പെട്ട് ഗോമാതാവിന്റെ ഗർഭമാണ് പ്രശ്നം എന്ന് ഇഷ്താക്ക പറയാൻ ശ്രമിച്ചെങ്കിലും പുറത്തേക്ക് വന്നത് "മാതാവ്...ഗർഭം" എന്ന രണ്ട് വാക്കുകൾ മാത്രമാണ്.
"ഓ അത്രയേയുള്ളോ"
ചെറുതായൊന്ന് പുഞ്ചിരിച്ച് കൊണ്ട് അധികാരി അടുത്ത് നിന്ന പ്രധാന സേവകനോടായി എന്തോ പറഞ്ഞു. ശേഷം ആ വലിയ മുറിയിലെ ഒരു ഭിത്തിയിൽ ഇഷ്താക്കയുടെ വീടിനകം തെളിഞ്ഞു. കട്ടിലിൽ ഈയാരി കിടക്കുന്നുണ്ട്. സേവകൻ കൈമാറിയ ഒരു ചെറിയ ചെപ്പുമായി അധികാരി ഭിത്തിക്ക് അടുക്കലേക്ക് നീങ്ങി നിന്നു. പിന്നെ കുറച്ച് നേരം തുടർന്ന നിശബ്ദത. ഒടുക്കം ആ പേടിപ്പെടുത്തുന്ന മൂകതയെ നെടുകെ മുറിച്ചു കൊണ്ട് അധികാരിയുടെ ഉച്ചത്തിലുള്ള മുരൾച്ച അവിടമാകെ മുഴങ്ങിക്കേട്ടു. വസ്ത്രത്തിന്റെഅഗ്രം താഴ്ത്തിയിട്ട ശേഷം ചെപ്പ് ഇഷ്താക്കക്ക് കൈമാറി ആശംസകൾ നേർന്ന് അധികാരി വന്നത് പോലെ പരിചാരകരോടൊപ്പം അകത്തേക്ക് പോയി.
ഒരു കൈയിൽ പുരസ്ക്കാരവും മറുകൈയിൽ അധികാരി നൽകിയ ചെപ്പുമായി പുറത്തേക്ക് നടക്കുമ്പോൾ ഇഷ്താക്കയുടെ ഉള്ളിലാകെ ചോദ്യങ്ങളായിരുന്നു. പ്രധാന കവാടമെത്തിയപ്പോൾ പുരസ്കാരം അവിടെ ഏൽപ്പിക്കേണ്ടി വന്നു. പരമോന്നത സിവിലിയൻ പുരസ്കാരം മരണാനന്തരം മാത്രമേ ജേതാവിന്റെ വീട്ടിലേക്ക് കൊണ്ട് പോകാൻ കഴിയുകയുള്ളു. അതാണ് ഡക്കോട്ടൻ സംസ്കാരം.
(4)
നടന്നലച്ച്, തളർന്നു വാടി വീടെത്തിയ ഇഷ്താക്ക ഇറയത്തേക്ക് കയറി ഉത്തരത്തിലേക്ക് നോക്കി തറയിൽ മലർന്നു കിടന്നു. ചിന്തകളുടെ കുരുക്കുകൾ അപ്പോഴേക്കും മുറുകിയിരുന്നു. ഇഷ്താക്കക്ക് മുകളിലായി കഴുക്കോലിൽ ചുറ്റിപിടിച്ചിരുന്ന കുറിയരൂപം തലയുയർത്തി ഇഷ്താക്കയെ ഒന്ന് നോക്കി. ശേഷം ഇഷ്താക്ക നോക്കി നിൽക്കുമ്പോൾ തന്നെ അത് നാവ് പുറത്തേക്കിട്ട് ഒരു പ്രാണിയെ അകത്തേക്ക് വലിച്ചു. പരിണാമചക്രത്തിലെ പുതിയൊരു കൈവഴി അവിടെ തുറക്കുമ്പോള് അതിന് സാക്ഷ്യം വഹിച്ച ഇഷ്താക്കയുടെ അമ്പരപ്പിന് പോലും അല്പം സമയം നൽകാതെ അത് ഭിത്തിയിലൂടെ നാലുകാലിലിഴഞ്ഞ് എങ്ങോട്ടോ മറഞ്ഞു.
ഇഷ്താക്ക എണിറ്റ് മുറിയിലേക്ക് പോയി. ഈയാരി പതിവ് പോലെ ഉറക്കമാണ്. അയാൾ അധികാരി നൽകിയ ചെപ്പുമായി നേരെ പുറത്തേക്കിറങ്ങി, ഗോമാതാവിന്റെ അടുത്തേക്ക് നടന്നു..
കൃത്യം ഒൻപത് മാസങ്ങൾക്കപ്പുറം ആകാശത്തിൽ ഒരൊറ്റ നക്ഷത്രം മാത്രം തെളിഞ്ഞ ഒരു തണുത്ത രാത്രി...
ഒരു വലിയ അമർച്ചയ്ക്കൊടുക്കും അധികാരിയുടെ ഛായയിൽ ഒരു കിടാവ് ഇഷ്താക്കയുടെ തൊഴുത്തിൽ പിറന്നു.
ഇഷ്താക്കയുടേയും ഈയാരിയുടേയും കണ്ണുകളിൽ ആനന്ദം അണപൊട്ടി. പക്ഷേ അവർ ചിരിക്കുന്നുണ്ടായിരുന്നില്ല.