നത്ത്
മുഖത്തെ വിയർപ്പുതുള്ളികൾ ഉണങ്ങിയ മൺകട്ടകളിൽ വീണ് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. വയൽക്കരയിലെ പാഴ്മരത്തിന്റെ ഉണങ്ങിയ ഇലകളുടെ മറവിലിരുന്ന് ചെവിയൻ നത്തുകൾ ഉറക്കെ മൂളി. ചുറ്റും പടർന്ന മെഴുകുതിരി വെളിച്ചത്തിൽ കുരിശുംതൊട്ടി മാഞ്ഞുതീരുന്നതും നോക്കി കൊയ്ത്തു കഴിഞ്ഞ പാടവരമ്പിലേക്ക് അയാൾ തല ചേർത്തു.

കൊയ്ത്തുകഴിഞ്ഞ പാടത്തിൽ വരമ്പിനോട് ചേർന്നാണ് അയാൾ മരിച്ചുകിടന്നത്. മേഘങ്ങൾക്കിടയിൽ കൂടുവെച്ച വെയിൽ കിളികൾ മഴക്കാടുകളിലേക്ക് പറന്നുതുടങ്ങിയ ഒരു വൈകുന്നേരം, ഹൃദയത്തിന്റെ പ്രവർത്തനം പാടെ നിലച്ചുപോയതാവണം. നെഞ്ചിൽ നിന്നുതുടങ്ങി കഴുത്തിലേക്ക് വ്യാപിച്ച വേദന മുഴുവൻ അനുഭവിച്ചുകാണില്ല, അതിനുമുന്നെ പൊടുന്നനെ നിലത്തുവീണ് ഹൃദയം പൊട്ടിച്ചിതറി. രക്തം
കടന്നുപോവാതെ കെട്ടിനിന്ന ഞരമ്പുകൾ, ഹൃദയത്തെ പെയ്യാറായ മേഘത്തെ പോലെ വരിഞ്ഞുമുറുക്കി. പിന്നീട് ഒരു
പെയ്ത്തായിരുന്നു, പൊട്ടിയൊലിച്ചൊരു വരവ്. അതിൽ കെട്ടിനിന്ന ചില ചിന്തകളുടെ കൂമ്പാരങ്ങൾ ഉണ്ടായിരുന്നു. ഉറച്ച രക്തക്കട്ടകൾ പോലെ അതാ വയലിൽ അങ്ങിങ്ങായി പറ്റിപിടിച്ചു. പിന്നീടത് ചിലരുടെ ദേഹത്ത് പറ്റിക്കൂടി. അതുകൊണ്ടാണ് ഇന്നു വർഷങ്ങൾ കഴിഞ്ഞിട്ടും അയാളുടെ ഓർമ്മകൾ അവരിൽനിന്നും വിട്ടുപോവാത്തത്. അഴഞ്ഞുതൂങ്ങിയ ഷർട്ടും മുഷിഞ്ഞ മുണ്ടുമുടുത്ത്, നഷ്ടങ്ങളുടെ ഒരു ഭണ്ഡാരം ചുമന്ന്, മുട്ടുകളിൽ നീരു കയറി മടക്കാനാകാത്ത കാലുകൾ വലിച്ചുകൊണ്ട് അയാളിടക്കാ നാട്ടിലേക്കിഴഞ്ഞു വരാറുണ്ട്. അപ്പോഴൊക്കെ നീണ്ട മീശകൾ തടവിക്കൊണ്ട് ചുണ്ടുകൾ വശങ്ങളിലേക്ക് കോട്ടി അയാളാ പഴയ ചിരി ചിരിക്കാൻ ശ്രമിച്ചു. കുരിശുംതൊട്ടിയിലെ ചായക്കടയിൽ സർവ്വസ്വാതന്ത്രത്തോടും ചായവീശി അടിക്കുമ്പോൾ ചിരിച്ച അതേ ചിരി.
ചാക്കോയുടെ താളം ആ ഗ്രാമത്തിലെ നാട്ടുകാരെ ഹരം പിടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് കോരിച്ചൊരിയുന്ന മഴയുള്ള വൈകുന്നേരങ്ങളിൽ ചുടു ചായയും പലഹാരങ്ങളും കഴിച്ച് അവർ ചാക്കോയുടെ താളത്തിന് ചുറ്റുമിരുന്നത്. വെളുപ്പിന് പാൽപാത്രങ്ങളുമേന്തി നാട്ടുകാർ അയാളുടെ കടയിലേക്ക് വന്നുകയറിയത്. കുരിശുംതൊട്ടി എന്ന ചെറിയ ഗ്രാമത്തിൽ ചെറുതും വലുതുമായ മറ്റ് ചായക്കടകളുമുണ്ടെകിലും ചാക്കോച്ചന്റെ കടയിലാണ് തിരക്ക്. ദിവസങ്ങളിൽ മേശയിൽ താളം പിടിച്ചുകൊണ്ട് ചാക്കോച്ചൻ ഉറക്കെ പാടും. ചുറ്റുമുള്ളവർ കൂടെ കൂടും. അപ്പോൾ കുരിശുംതൊട്ടിയെ പൊതിഞ്ഞ് കോട ഇറങ്ങും. അവിടം ഒരു ദ്വീപുപോലെ ഒറ്റപ്പെടും. ആ ചെറിയ ഗ്രാമം വിട്ട് പുറത്തേക്ക് പോവാൻ ചാക്കോച്ചന് താത്പര്യം ഉണ്ടായിരുന്നില്ല. കുരിശുംതൊട്ടിക്ക് അകത്തുള്ള അയാളുടെ സഞ്ചാരങ്ങൾ അത്രയ്ക്ക് ജീവനുള്ളതായിരുന്നു, വേരുകൾ മണ്ണിലേക്ക് ആഴ്ത്തി ഇറക്കി കരുത്തോടെ വളർന്നുതുടങ്ങുന്ന ഒരു മരംപോലെ.
ചാക്കോച്ചനെ പോലെ തന്നെ ചായക്കട നടത്തുന്ന മൂന്നാലുപേരും കുരിശുംതൊട്ടിയിൽ ഉണ്ടായിരുന്നു. നീളവും വണ്ണവും ഒപ്പിച്ച് നല്ല ഉന്നകായ്കൾ ഉണ്ടാക്കുന്ന ജസാറിക്ക, ചാക്കോച്ചന്റെ കടയുടെ നേരെ എതിർവശത്ത് കട നടത്തിയിരുന്ന വറീത്, ചായക്കൊപ്പം ഉണ്ണിയപ്പവും വിളമ്പിയ കുഞ്ഞികൊച്ച്, പക്ഷെ ചാക്കോച്ചന്റെ കടയിലാരുന്നു തിരക്ക്. അയാൾ മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുന്ന ബിസ്കറ്റ്പൊരി കഴിക്കാൻ അടുത്ത പ്രദേശങ്ങളിൽ നിന്നെല്ലാം ആൾക്കാർ എത്തി. രാവിലെ തന്നെ ചാക്കോച്ചന്റെ കടയിൽ തിരക്ക് തുടങ്ങും. അയാൾ നിന്ന് തിരിയാൻ നേരമില്ലാതെ കടയിലൂടെ പായും. നന്നേ മെലിഞ്ഞ പ്രകൃതമായിരുന്നു ചാക്കോച്ചന്റേത്. ഇടത്തെ കാലിന് നീളക്കുറവുള്ളതുകൊണ്ട് നടക്കുമ്പോൾ ചെറിയൊരു മുടന്തുണ്ട്. പക്ഷെ നീളം കൂടിയും കുറഞ്ഞുമിരിക്കുന്ന തൻ്റെ കാലുകൾ കൊണ്ട് കൂട്ടത്തിലുള്ളവരേക്കാളൊക്കെ വേഗത്തിൽ നടക്കാൻ ചാക്കോയ്ക്ക് കഴിയുമായിരുന്നു.
രാവിലെ കട തുറന്നാൽ വറീതിന് ആവലാതിയാണ്. അയാൾ ചാക്കോച്ചന്റെ കടയിലേക്ക് ഉറ്റുനോക്കികൊണ്ടിരിക്കും. വഴിതെറ്റി വരുന്നവരെപ്പോലെ അഞ്ചാറുപേര് കയറുമെന്നല്ലാതെ വറീതിന് കച്ചോടം തീരെ കുറവായിരുന്നു. ചായക്കട അല്ലാതെ മറ്റൊരു തൊഴിൽ അയാൾക്ക് വശം ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും കച്ചോടം മെച്ചപ്പെടുത്തണം, അതിന് ഏതറ്റം വരെയും പോവാൻ വറീത് തയ്യാറായിരുന്നു. അയാൾ അമ്പലങ്ങളിലും പള്ളികളിലും നേർച്ചകളും കാഴ്ചകളും ആയി കയറിയിറങ്ങി. ചില രാത്രികളിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. ചാക്കോച്ചനെ പറ്റിയുള്ള ചിന്തകൾ അയാളുടെ സമാധാനം കെടുത്തിയിരുന്നു. കുരിശുംതൊട്ടിയിലെ വയലുകൾ ഉഴുന്ന് മറിച്ചു നടന്ന ചാക്കോച്ചൻ ഒരു ദിവസം കൃഷിയെല്ലാം നിർത്തി ചായക്കട തുടങ്ങുമെന്നും, നാട്ടുകാരെല്ലാം അയാളുടെ കടയിലേക്ക് ചേക്കേറുമെന്നും വറീത് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഇതിനെല്ലാം ചാക്കോച്ചൻ എന്തോ കടുത്ത പ്രയോഗം നടത്തിയിട്ടുണ്ടെന്നാണ് വറീത് കച്ചവടക്കാരോടെല്ലാം അടക്കം പറഞ്ഞുനടന്നത്.
ചില ദിവസങ്ങളിൽ വറീതിനു കട തുറക്കാൻ തന്നെ മടുപ്പായിരുന്നു. ഒരുതരം നിരാശ കലർന്ന അലസതയിൽ അയാൾ വീടിന്റെ വരാന്തയിൽ കുത്തിയിരുന്നു. ഭാര്യയുടെ കയ്യിൽ നിന്ന് കടുപ്പത്തിൽ മൂന്നാലു ഗ്ലാസ് കട്ടൻകാപ്പി വാങ്ങി ചൂടോടെ ഊതി കുടിച്ച്, ചൂടു കുറഞ്ഞതിന്റെയും മധുരം കൂടിയതിന്റെയും പേരിൽ ഉറക്കെ തെറി പറഞ്ഞു. മക്കളുടെയും ഭാര്യയുടെയും നേർക്കായിരുന്നു അയാൾ തൻ്റെ ദേഷ്യമെല്ലാം പാറക്കല്ലുകൾ പോലെ കുടഞ്ഞിട്ടത്. അങ്ങനെ സഹികെട്ടാണ് ഭാര്യ ചൂടുകാപ്പിക്കൊപ്പം കുരിശുംതൊട്ടിയിൽ മാസത്തിലൊരിക്കൽ പച്ചമരുന്നുകളുമായി എത്താറുള്ള ലാഡവൈദ്യന്റെ കാര്യം വറീതിനെ ഓർമിപ്പിക്കുന്നത്. അയാൾക്ക് പച്ചമരുന്നിനൊപ്പം ചില കൂടോത്ര പ്രയോഗങ്ങളും അറിയാമെന്ന് വറീത് നേരത്തെ കേട്ടിട്ടുണ്ട്.
പൊടി പോലെ പാറിവീണ വയനാടൻ മഴയിൽ ചെടികളും പുൽനാമ്പുകളും വിറങ്ങലിച്ചു നിന്ന ഒരു വൈകുന്നേരം, വീണ്ടും ലാഡവൈദ്യൻ കുരിശുംതൊട്ടിയിൽലെത്തി. അയാളുടെ തോളിൽ തൂക്കിയ ഭാണ്ഡത്തിൽ മയിലെണ്ണയും പുലിനഖവും പലതരം തൈലങ്ങളും ഉണ്ടായിരുന്നു. ജടപിടിച്ച മുടിക്കെട്ടിനുപോലും മയിലെണ്ണയുടെയും പുകയുടെയും ചെകിടിക്കുന്ന മണം. വറീത് അയാളെ വീട്ടിലേക്ക് കൊണ്ടുപോയി നല്ല പന്നിയിറച്ചിയും ചോറും വിളമ്പി. ഇതിനിടയിൽ വളരെ തന്ത്രപൂർവ്വം തൻറെ ആവശ്യവും അവതരിപ്പിച്ചു. എന്ത് ചെയ്തിട്ടായാലും ചാക്കോച്ചന്റെ കടയിൽ കയറുന്ന പകുതി ആളെങ്കിലും തൻ്റെ കടയിൽ കയറണം ഇതായിരുന്നു വറീതിന്റെ ആവശ്യം. കാര്യം കേട്ട വൈദ്യൻ തൻ്റെ ഭാണ്ഡം അഴിച്ച് ചില പരിഹാരങ്ങൾ നിരത്തി. ചാക്കോച്ചന്റെ വലതുകയ്യിലെ പെരുവിരലിന്റെ നഖവും, മറ്റുചില ഒറ്റമൂലികളും ചേർത്ത്, ചുമന്ന പട്ടിൽ പൊതിഞ്ഞ് ചാക്കോച്ചന്റെ കടയുടെ കിഴക്കുഭാഗം ചേർത്ത് കുഴിച്ചിടണം. വറീതിന്റെ എല്ലാ ആവശ്യങ്ങളും ഇതോടെ പരിഹരിക്കപ്പെടുമെന്ന് വൈദ്യൻ തീർത്തു പറഞ്ഞു. വൈദ്യൻ നിർദേശിച്ച പരിഹാരത്തിൽ വറീതിന് കടുത്ത വിശ്വാസമായിരുന്നു. അയാൾ ചാക്കോയുടെ പെരുവിരലിലേക്ക് ഉറ്റുനോക്കി, തലപുകച്ചുകൊണ്ടിരുന്നു. ഇരയുടെ ചലനങ്ങൾ അളന്നു തിട്ടപ്പെടുത്തുന്ന ഒരു വേട്ടക്കാരനെപ്പോലെ വറീത് ഇരുട്ടിന്റെ മറവിൽ തക്കം പാർത്തിരുപ്പായി.
പക്ഷെ ഇതൊന്നും ചാക്കോച്ചൻ അറിഞ്ഞതേയില്ല. അയാൾ ഒച്ചവെച്ചും പൊട്ടിച്ചിരിച്ചും നെഞ്ച് വിരിച്ചുനടന്നു. പള്ളിക്കുന്ന് പള്ളിയിൽ പെരുന്നാള് തുടങ്ങിയാ ചാക്കോ കട നേരത്തെയടക്കും. പിന്നെ കൂട്ടുകാർക്കൊപ്പം പള്ളീലോട്ടു നടക്കും.അങ്ങനെയൊരു പെരുന്നാളിന് മണ്ണിൽ നിന്നൊരു കൊള്ളിയാൻ ആകാശത്തേക്കുയർന്ന് ഒരു നക്ഷത്രക്കൂട്ടം പോലെ പൊട്ടിച്ചിതറിയ നേരത്താണ് ചാക്കോച്ചൻ റോസ്ലിയെ ആദ്യം കണ്ടത്. മാതാവിന്റെ രൂപത്തിൽ മെഴുകുതിരി കത്തിക്കുകയായിരുന്നു അവൾ. പള്ളിപ്പെരുന്നാളിന്റെ ആൾക്കൂട്ടത്തിനും ബഹളങ്ങൾക്കും നടുവിൽ നിൽക്കുമ്പോൾ അയാളുടെ ചെവിയിലേക്ക് ഒരു നിശബ്ദത കടന്നുവന്നു. അത് അവളുടെ ചലനങ്ങളെ പിൻപറ്റി സഞ്ചരിക്കാൻ തുടങ്ങി. റോസ്ലിയും ചാക്കോയും ഒരിടവകക്കാരാണ്. പലതവണ റോസ്ലിയെ കണ്ടിട്ടുണ്ടെങ്കിലും അന്ന് പള്ളിപ്പെരുന്നാളിന് കണ്ടപ്പോ, ചാക്കോച്ചന് റോസ്ലിയെ വെളുക്കുവോളം നോക്കിയിരിക്കാൻ തോന്നി. മെഴുതിരി വെട്ടത്തിൽ റോസ്ലി മാതാവിനേക്കാൾ സുന്ദരിയായിരുന്നു.
പിന്നീട് മൂന്നാലു ദിവസം കഴിഞ്ഞിട്ടും ചാക്കോയുടെ തലേന്നും കണ്ണിന്നും ഒന്നും ആ മെഴുകുതിരിവെട്ടം കെട്ടതേയില്ല. അതങ്ങനെ ആളിക്കത്താൻ തുടങ്ങി. നല്ല മെയ്വഴക്കത്തോടെ ഉയർന്നും താഴ്ന്നും ചെറിയ കാറ്റിൽ വശങ്ങളിലേക്ക് ഓളം വെട്ടിയും അവന്റെ ശരീരത്തിൽ അത് കത്തിപ്പിടിച്ചു. ദിവസങ്ങൾ കഴിയുംതോറും റോസ്ലിയുടെ വഴികളിലെല്ലാം വശങ്ങളിലേക്കൊതുങ്ങി ചാക്കോ നിഴലിച്ചു. അവരുടെ വഴികളിലെ ഇലകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ചെവിയൻ നത്തുകൾ കാതുകൂർപ്പിച്ച് പതിഞ്ഞ സ്വരത്തിൽ ചിലച്ചുകൊണ്ടിരുന്നു. അവളുടെ പിന്നാലെയുള്ള സഞ്ചാരങ്ങളിൽ അയാൾ ചായക്കടയെയും നാട്ടുകാരെയും മറന്നു. പിന്നീടുള്ള മഴയും നിലവുമെല്ലാം അവർ ഒരുമിച്ചായിരുന്നു. കപ്പേളയുടെ ഇരുവശങ്ങളിൽ നിന്ന് ജപമാല ചൊല്ലി മെഴുകുതിരി വെട്ടത്തിൽ പ്രണയത്തിന്റെ സ്വർഗ്ഗങ്ങളിലേക്കവർ സഞ്ചാരം നടത്തി. ഉയരുന്ന സ്തുതികളിൽ നിന്നും പാട്ടുകളിൽ നിന്നും റോസ്ലിയുടെ ശബ്ദം വേർതിരിച്ചെടുക്കാൻ ചാക്കോ കാതുകൂർപ്പിച്ചു നിന്നു. അവളുടെ ചുണ്ടുകളുടെ അനക്കം അയാൾ വേർതിരിച്ചെടുത്തു. ചുറ്റുമുള്ള സ്വർണ്ണവെളിച്ചത്തിൽ പരസ്പരം അറിഞ്ഞും അറിയാതെയും വെളുത്ത മേലങ്കികൾ അണിഞ്ഞ രണ്ടു നിഴലുകൾ പോലെ അവർ മറഞ്ഞിരുന്നു.
റോസ്ലിക്ക് കല്യാണാലോചനകൾ വന്നുകൊണ്ടിരുന്ന സമയമായിരുന്നു അത്. ഒരാലോചനയുമായി റോസ്ലിയുടെ വീട്ടിലേക്കു കേറിച്ചെല്ലാൻ ചാക്കോയ്ക്ക് കഴിഞ്ഞില്ല. അയാളുടെ നാവും ഹൃദയവും കരിങ്കല്ലുപോലെ കനം തൂങ്ങി. റോസ്ലിയുടെ വീട്ടുമുറ്റത്തെ ഉയരംകൂടിയ മതിൽക്കെട്ടിന് പുറത്ത് അയാൾ തരിച്ചു നിന്നു. ശ്വാസംപോലും വലിക്കാൻ കഴിയാതെ നുറുചിന്തകൾ ചങ്ങലകൾ പോലെ ചാക്കോയെ വരിഞ്ഞു മുറുക്കിയിരുന്നു. അധികം താമസിക്കാതെ തന്നെ റോസ്ലിയുടെ കല്യാണം ഉറച്ചു. പിന്നീടുള്ള ദിവസങ്ങളിൽ കുരിശും തൊടിയിലെ ചായക്കടക്കാരൻ തൻ്റെ ഹൃദയത്തിൽ കിടന്ന് മരണവെപ്രാളപ്പെടുന്നത് പുറത്തു കാണാതിരിക്കാൻ അവൾ നന്നേ ശ്രദ്ധിച്ചു.
റോസ്ലിയുടെ കല്യാണ ദിവസം ചാക്കോ കട തുറന്നില്ല, മുറിയിൽ നിന്നും പുറത്തിറങ്ങിയില്ല, പലരും വാതിലിൽ വന്നു മുട്ടിവിളിച്ചിട്ടും ചാക്കോ ഒരേ കിടപ്പു കിടന്നു. ചില ദിവസങ്ങളിൽ വെയിലിനു നേരെ കണ്ണിറുക്കിയടച്ച്, പറമ്പിന്റെ മൂലയിൽ ഒരു ബീഡി പുകച്ചുകൊണ്ട് കുത്തിയിരുന്നു. വീട്ടുമുറ്റത്തെ മരങ്ങളുടെ ഉയരം കൂടിയ കൊമ്പുകളിലിരുന്ന്, നത്തുകൾ അയാളെ വെളുക്കുവോളം പിരാകി. കട തുറന്നാലും പലഹാരങ്ങൾ ഒന്നും ഉണ്ടാക്കാൻ അയാൾ മെനക്കെട്ടില്ല. മണിക്കൂറുകളോളം കാത്തിരിക്കുന്നവർക്ക് ഏറെനേരത്തെ നെടുവീർപ്പുകൾക്ക് ശേഷം ഒരു ചായ കൊടുത്തു. അയാളുടെ താളം പഴയപോലെ മുറുകാതെയായി. ചാക്കോയുടെ കടയിലിരുന്നു ചായ കുടിച്ചു കഥകൾ പറഞ്ഞിരുന്ന ഒരു കൂട്ടം അടുത്ത കടകളിലേക്ക് ചേക്കേറി അവർ ചാക്കോയുടെ കടയിലേക്ക് നോക്കി ചുടുചായ ഊതിയിറക്കി. അയാൾ കട തുറക്കാതെ, വീട്ടിൽ തന്നെ കതകടച്ച് മാസങ്ങളോളം ഇരുന്നു. അമ്മയും അനിയനും മാറി ചോദിച്ചിട്ടും വയ്യെന്നല്ലാതെ അയാൾക്ക് മറ്റൊന്നും പറയാൻ കഴിഞ്ഞില്ല. തലമുടിയും താടിയും വളർന്ന് അഴഞ്ഞ കുപ്പായത്തിനുള്ളിൽ പാകമാകാത്ത ശരീരമായയാൾ മാറി. വിരലുകൾ നിവർത്തനാകാത്ത വണ്ണം മടക്കുകളിൽ നീരുകെട്ടി.
ചാക്കോയുടെ അവസ്ഥകണ്ട് വീട്ടുകാർ ആവലാതിപ്പെട്ടു. നാട്ടുകാർ കാരണം പിടികിട്ടാതെ ഓരോന്ന് കെട്ടിച്ചമച്ചു. അവരുടെ വീട്ടിൽ വൈദ്യൻമാരും, പള്ളീലച്ചന്മാരും, സിദ്ധൻമാരും വന്നുപോയി. ചാക്കോയുടെ തലയ്ക്കു മീതെ ഉത്തരത്തിൽ മന്ത്രിച്ച് കെട്ടിയ പൊതികൾ തൂങ്ങിയാടി. അയാൾ പോലുമറിയാതെ അയാളുടെ തലക്കലവർ വെള്ളിക്കുരിശുകൾ കുഴിച്ചിട്ടു.
പിന്നീടൊരിക്കലുമയാൾ റോസ്ലിയെ കണ്ടിട്ടില്ല. കാണാൻ ശ്രമിച്ചിട്ടുമില്ല. മഞ്ഞും നിലാവും കലർന്ന് ശ്വാസം മുട്ടിക്കുന്ന ഒരു രാത്രിയിൽ ചാക്കോ കുരിശുംതൊട്ടിയിൽ നിന്ന് വീട്ടിലേക്കു നടന്നു. നെഞ്ചിൽ നിന്നും തുടങ്ങിയ ഒരു എരിച്ചിൽ കഴുത്തിലെ ഞരമ്പുകളെ വരിഞ്ഞു മുറുക്കാൻ തുടങ്ങിയപ്പോഴാണ് ചാക്കോച്ചൻ പാടവരമ്പിലിരുന്നത്. മുഖത്തെ വിയർപ്പുതുള്ളികൾ ഉണങ്ങിയ മൺകട്ടകളിൽ വീണ് അപ്രത്യക്ഷമായി കൊണ്ടിരുന്നു. വയൽക്കരയിലെ പേഴ്മരത്തിന്റെ ഉണങ്ങിയ ഇലകളുടെ മറവിലിരുന്ന് ചെവിയൻ നത്തുകൾ ഉറക്കെ മൂളി. ചുറ്റും പടർന്ന മെഴുകുതിരി വെളിച്ചത്തിൽ കുരിശുംതൊട്ടി മാഞ്ഞുതീരുന്നതും നോക്കി കൊയ്ത്തു കഴിഞ്ഞ പാടവരമ്പിലേക്ക് അയാൾ തല ചേർത്തു. പിറ്റേന്ന് രാവിലെ പാടത്തൊരാൾ വീണ് കിടക്കുന്നുവെന്ന് കേട്ട്, വറീത് കടയിൽ നിന്നും ഇറങ്ങിയോടി.
അയാൾ എത്തുമ്പോഴേക്കും ചാക്കോയുടെ മരവിച്ച ശരീരത്തിന് ചുറ്റും നാട്ടുകാർ കൂടിയിരുന്നു. ആൾത്തിരക്കിനിടയിലൂടെ വറീത് ചാക്കോയുടെ വലത്തേ കയ്യിലെ പെരുവിരൽ പരതി. വിറങ്ങലിച്ചു കിടന്ന അയാളുടെ വലത്തെ കയ്യിലെ പെരുവിരലിൽ നഖം ഉണ്ടായിരുന്നില്ല. നഖത്തിനടിയിലെ തൊലി ഉണങ്ങിയ ഒരു ഇറച്ചിക്കഷ്ണം പോലെ ചുരുണ്ടിരുന്നു.