കോഴിക്കോട് കാ ദോസ്ത്
ചങ്ങാതിമാർക്കൊപ്പമിരുന്ന് സംസാരിക്കുമ്പോൾ പഴയ കഥകളൊക്കെയാണ് ഞങ്ങൾ പറയുക. കോഴിക്കോടിന്റെ ചരിത്രത്തിന്റെ ഭാഗമാണല്ലോ ഈ സൗഹൃദക്കൂട്ടായ്മകൾ എന്ന് പറഞ്ഞ് മുൻപല്ല് കാട്ടി നിഷ്കളങ്കമായി ചിരിക്കുന്ന മാമുക്കോയയ്ക്ക് വലിയ സുഹൃത്ത് വലയങ്ങൾ ഉണ്ടായിരുന്നു.

1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത 'അന്യരുടെ ഭൂമി' എന്ന ചിത്രത്തിലൂടെ ആദ്യമായി അഭ്രപാളിയിൽ തെളിഞ്ഞു കണ്ട ആ മുഖമാണ് പിന്നീട് മലയാള സിനിമയിലെ എണ്ണം പറഞ്ഞ ഹാസ്യ സ്വഭാവനടന്മാരുടെ തട്ടിലേക്ക് എടുത്തുയർത്തപ്പെട്ട മാമുക്കോയയായി മാറിയത്.
1982-ൽ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത 'സുറുമയിട്ട കണ്ണുകൾ' എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു ചെറിയ വേഷത്തിലൂടെ മലയാള സിനിമയിൽ അല്പ ശ്രദ്ധയാൽ തുടങ്ങിയ മാമുക്കോയ പിന്നീടങ്ങോട്ട് മലയാള സിനിമയിൽ നിറഞ്ഞുനിന്ന മഹാനടനായി.
നാലര പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിൽ 400ൽ അധികം മലയാള ചിത്രങ്ങളിലും നാലോളം തമിഴ് ചിത്രങ്ങളിലും ഒരു ഫ്രഞ്ച് സിനിമയിലും അഭിനയിക്കുകയുണ്ടായി.
അഭ്രപാളികളിൽ പ്രേക്ഷകർക്ക് പൊട്ടിച്ചിരി സമ്മാനിക്കുമ്പോഴും സ്ക്രീനുകൾക്ക് പുറത്ത് പട്ടിണിയും ദാരിദ്ര്യവും എല്ലാം അനുഭവിച്ച് വളർന്ന ഒരു പച്ചയായ മനുഷ്യനായിരുന്നു മാമുക്കോയ.
മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946-ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ആണ് മാമുക്കോയയുടെ ജനനം. കോഴിക്കോട് എം എം ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ നാടകത്തിലഭിനയിക്കുമായിരുന്നു മാമുക്കോയ. കോഴിക്കോട് ജില്ലയിലെ തന്നെ കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ. കൊടിയ പട്ടിണിയിലും ദാരിദ്ര്യത്തിലും പ്രാരാബ്ധത്തിലും കലയെ കൈവിടാൻ മാമുക്കോയ തയ്യാറായിരുന്നില്ല. തിരക്കൊഴിഞ്ഞ സമയമെല്ലാം തട്ടിക്കൂട്ടി അദ്ദേഹം നാടകശാലയിലേക്ക് ഓടി.
കെ ടി മുഹമ്മദ്, വാസു പ്രദീപ്, ബി മുഹമ്മദ് (കവിമാഷ്), എ കെ പുതിയങ്ങാടി, കെ ടി കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' എന്ന ചിത്രത്തിൽ അദ്ദേഹം ചെയ്ത അറബി മുൻഷിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ പേര് മലയാള ചലച്ചിത്രരംഗത്ത് പതിയെ പതിയെ അരക്കിട്ടുറപ്പിച്ചു. ഈ ചിത്രത്തിന് തിരക്കഥ എഴുതിയത് ശ്രീനിവാസനായിരുന്നു. ശ്രീനിവാസനാണ് അദ്ദേഹത്തിന്റെ പേര് സംവിധായകൻ സിബി മലയിലിന് നിർദ്ദേശിച്ചത്. അദ്ദേഹത്തിന് ആ കഥാപാത്രം ചെയ്യാൻ പറ്റുമോ എന്നതിനുള്ള സിബി മലയിലിന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു പിന്നീട് അങ്ങോട്ടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളിലെല്ലാം മാമുക്കോയയുടെ സാന്നിധ്യം.
സ്വാഭാവിക നടനായിരുന്നു അദ്ദേഹം. അഭിനയിക്കുന്നതിനുപകരം നമ്മുടെ ജീവിതത്തിലെ സാധാരണ ഒരു അംഗത്തെപ്പോലെ തോന്നിപ്പിച്ച് എത്രയോ തവണ ആ നടനവിസ്മയം കൊണ്ട് അതിശയിപ്പിച്ചിട്ടുണ്ട്. ഉൾക്കാമ്പുള്ള അവതരണവും കോഴിക്കോടൻ ഭാഷയുടെ മലബാർ മൊഞ്ചും മലയാള സിനിമയിൽ നിലനിർത്തിയ നടനാണദ്ദേഹം.
കുതിരവട്ടം പപ്പുവിനു ശേഷം മലയാള സിനിമയിൽ കോഴിക്കോട് ഭാഷയുടെ തനിമയം പകർന്നാടി നിന്ന മാമുക്കോയുടെ ഡയലോഗ് ഡെലിവറിയും മാനറിസവുമൊക്കെ ഇന്നും മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്നതാണ്.
മലയാള സിനിമാരംഗത്ത് മാമുക്കോയ പറഞ്ഞത്ര തഗ്ഗുകൾ മറ്റേതെങ്കിലും നടന്മാർ പറഞ്ഞിട്ടുണ്ടൊ? അതുകൊണ്ടുതന്നെ മൂപ്പർക്ക് ഒരു പേരും വീണു, 'സുൽത്താൻ ഓഫ് തഗ്സ്..!'
"പേരെന്താ?’’ എന്ന് ചോദിക്കുന്നയാളോട് ‘ജബ്ബാർ’ എന്ന് മറുപടിക്കു തൊട്ടുപിന്നാലെ ‘നായരാണോ’ എന്ന ചോദ്യത്തിന് ‘‘അല്ല, നമ്പൂരി... ഓര്ക്കാണല്ലോ ഇങ്ങനത്തെ പേരിടല്’’ എന്നു പറയുന്നതിലെ സ്വാഭാവിക ഡയലോഗ് ഡെലിവറി സ്പീഡ് മാമുക്കോയയുടെ പ്രത്യേകതയായിരുന്നു. ‘"തപോവനത്തിൽ വണ്ട്’’ എന്ന് അമ്പരക്കുന്ന ദുഷ്യന്തനോട് "വണ്ട് ന്നൊക്കെപ്പറഞ്ഞാല് എജ്ജാദി വണ്ട്’’ എന്ന് മൂപ്പിക്കുന്ന ചായക്കടക്കാരൻ കണ്വമഹർഷിയായി 'മന്ത്രമോതിര’ത്തിൽ പ്രേക്ഷകരെ ചിരിപ്പിച്ചയാളാണ് മാമുക്കോയ. "അകത്താരടാ" എന്ന ചോദ്യത്തിന് "അകത്തന്റെ ബാപ്പേം ക്കൂട്ടക്കാരും നായിന്റെ മോനെ..!" എന്ന മാമുക്കോയയുടെ പൊളിപ്പൻ മറുപടിക്ക് അശ്ലീലതയോ അതിഭീകരത്താമോ ഇല്ലാതെ നാടൻ ശൈലിയിലാണ് നമ്മൾ ആസ്വദിച്ചത്. തെറി പറയുന്നത് മോശമായി കാണുന്ന ഒരു സമൂഹത്തിന് മുന്നിൽ നിന്ന്, "മോനെ ബാലകൃഷ്ണാ... കള്ള നായിന്റെ മോനേ" എന്ന് മാമുക്കോയ വിളിച്ചപ്പോൾ മലയാളികൾ ആർത്തുചിരിച്ചു.
'കൺകെട്ട്’ എന്ന ചിത്രത്തിലെ കീലേരി അച്ചു, 'നാടോടിക്കാറ്റ്’ എന്ന ചിത്രത്തിലെ ഗഫൂർക്കാ, 'സന്ദേശ’ത്തിലെ കെ. ജി. പൊതുവാൾ, 'ചന്ദ്രലേഖ’യിലെ പലിശക്കാരൻ ബീരാനിക്ക 'കളിക്കള’ത്തിലെ പൊലീസുകാരൻ, 'ഹിസ് ഹൈനസ് അബ്ദുള്ള’യിലെ ജമാൽ, 'ഗജകേസരി യോഗ'ത്തിലെ രാഘവൻ നായർ, 'മഴവിൽക്കാവടി'യിലെ കുഞ്ഞിഖാദർ, 'രാംജിറാവു സ്പീക്കിംഗി'ലെ ഹംസക്കോയ, 'വരവേൽപ്പി'ലെ ഹംസ, 'പ്രാദേശിക വാർത്തകളി'ലെ ജബ്ബാർ, 'ഡോക്ടർ പശുപതി'യിലെ വേലായുധൻ കുട്ടി, 'തലയണമന്ത്ര'ത്തിലെ കുഞ്ഞനന്ദൻ മേസ്തിരി, 'നരേന്ദ്രൻ മകൻ ജയകാന്തനി'ലെ സമ്പീശൻ, 'കളിക്കള'ത്തിലെ പോലീസുകാരൻ, 'കൗതുക വാർത്തകളി'ലെ അഹമ്മദ് കുട്ടി, 'മേഘ'ത്തിലെ കുറുപ്പ്, 'പട്ടാള'ത്തിലെ ഹംസ, 'മനസ്സിനക്കര'യിലെ ബ്രോക്കർ 'ഒപ്പ’ത്തിലെ സെക്യൂരിറ്റിക്കാരൻ തുടങ്ങി സംഭാഷണവിരുതരായ അനേകം കഥാപാത്രങ്ങളുണ്ട് ആ നിരയിൽ. എല്ലാ കഥാപാത്രങ്ങളും സ്ക്രീനിൽ ആ 'തഗ് ലൈഫ്’ അതേപോലെ സൂക്ഷിച്ചു.
നാടോടിക്കാറ്റിലെ ഗഫൂർക്കാ മുതൽ കുരുതിയിലെ മൂസാ ഖാദർ എന്ന മാസ് കഥാപാത്രം വരെ മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ച അദ്ദേഹം സിനിമയ്ക്ക് പുറത്തും സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന അതുല്യപ്രതിഭയായി. ശക്തമായ നിലപാട് കൊണ്ടും സ്വന്തമായ ശൈലികൊണ്ടും സിനിമാരംഗത്ത് നിന്ന് സമൂഹവുമായി കൂടുതൽ അടുത്തു നിന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു മാമുക്കോയ.
സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന മാമുക്കോയ പിന്നീടങ്ങോട്ട് മലയാളചലച്ചിത്ര മേഖലയിൽ തിരക്കേറിയ നടനായി. 1990 കൾക്ക് ശേഷം മലയാള സിനിമയിലെ അഭിവാജ്യഘടകമായി മാറിയ നടന്മാരിൽ ആ പേരും ചേർക്കപ്പെട്ടു.
പ്രായമേറിയിട്ടും മലയാളികൾക്ക് അദ്ദേഹത്തെ മടുത്തില്ല. മിന്നൽ മുരളിയിലെ ഡോക്ടറും, കുരുതിയിലെ മൂസ കാദറും, അങ്ങനെയങ്ങനെ... ഇന്നലെകളിൽ വരെ അദ്ദേഹം സിനിമകളിൽ ഉണ്ടായിരുന്നു.
അറിയപ്പെടുന്ന നടനായി മാറിയിട്ടും മാമുക്കോയ എന്ന മനുഷ്യന് വലിയ മാറ്റമൊന്നും സംഭവിച്ചില്ല. സിനിമാ തിരക്കുകൾ ഒഴിയുമ്പോൾ ഒരു മുണ്ടും ഷർട്ടുമണിഞ്ഞ് അരക്കിണറിലൂടെയും കോഴിക്കോട്ടെ തെരുവുകളിലൂടെയും ഒരു സാധാരണക്കാരനെ പോലെ മാമുക്കോയ നടന്നു. അളകാപുരിയിലും കൊസ്മോ പൊളിറ്റൻ ക്ലബ്ബിലുമൊക്കെ കൂട്ടുകാർക്കൊപ്പം സൊറ പറഞ്ഞിരുന്ന മാമുക്കോയയെ കോഴിക്കോട് നഗരവാസികൾക്ക് നിത്യ കാഴ്ചയായിരുന്നു.
ലോക്ക്ഡൗൺ കാലത്ത് ജീവിതത്തിൽ ഏറ്റവും വലിയ മിസ്സിംഗ് എന്താണെന്ന് ചോദിച്ചപ്പോൾ മൂപ്പരുടെ മറുപടി ചങ്ങാതിമാർക്കൊപ്പമിരുന്നുള്ള കൂട്ടംകൂടിയുള്ള ആ സംസാരം എന്നായിരുന്നു.
"ചങ്ങാതിമാർക്കൊപ്പമിരുന്ന് സംസാരിക്കുമ്പോൾ പഴയ കഥകളൊക്കെയാണ് ഞങ്ങൾ പറയുക. കോഴിക്കോടിന്റെ ചരിത്രത്തിന്റെ ഭാഗമാണല്ലോ ഈ സൗഹൃദക്കൂട്ടായ്മകൾ എന്ന് പറഞ്ഞ് മുൻപല്ല് കാട്ടി നിഷ്കളങ്കമായി ചിരിക്കുന്ന മാമുക്കോയയ്ക്ക് വലിയ സുഹൃത്ത് വലയങ്ങൾ ഉണ്ടായിരുന്നു. ഉറൂബ്, എസ് കെ പൊറ്റക്കാട്, കെടി മുഹമ്മദ്, തിക്കോടിയൻ, ടി. പത്മനാഭൻ, സുകുമാർ അഴീക്കോട്, ജോൺ എബ്രഹാം, സുരാസു, കെ.ടി.മുഹമ്മദ്, ബാബുരാജ്, കോഴിക്കോട് അബ്ദുൽ ഖാദർ, എംടി, ഒളിമ്പ്യൻ റഹ്മാൻ, കെ എ കൊടുങ്ങല്ലൂർ അങ്ങനെ എത്രപേർ… ഫുട്ബോൾ താരങ്ങൾ, സാഹിത്യകാരന്മാർ, കലാകാരന്മാർ, സംഗീതജ്ഞർ അങ്ങനെയങ്ങനെ നീണ്ടുപോകും ആ സൗഹൃദം.
വൈക്കം മുഹമ്മദ് ബഷീറുമായി അദ്ദേഹത്തിനു പ്രത്യേക അടുപ്പമുണ്ടായിരുന്നു. മാമുക്കോയയുടെ നാടായ ബേപ്പൂരിൽ ബഷീർ താമസം ആരംഭിച്ചപ്പോൾ മുതൽ മാമുക്കോയ ആ വീട്ടിലെ സ്ഥിരസന്ദർശകനായി. ബഷീറിന്റെ ശേഖരത്തിലെ പുസ്തകങ്ങൾ വായിക്കും. ബഷീർസാഹിത്യവും ജീവിതവീക്ഷണവും മാമുക്കോയയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഒരു കുടുംബാംഗത്തെപ്പോലെ ബഷീർ അദ്ദേഹത്തെ കരുതുകയും ചെയ്തു. 'കാക്ക’ എന്നാണ് ബഷീർ മാമുക്കോയയെ വിളിച്ചത്. പണത്തിന് ആവശ്യമുള്ളപ്പോൾ കടംവാങ്ങാൻ മാമുക്കോയ സമീപിച്ചിരുന്നതും ബഷീറിനെത്തന്നെ. ചെക്കിൽ ബഷീർ രണ്ടു തരത്തിലുള്ള ഒപ്പ് ഇടാറുണ്ട്. മലയാളത്തിലുള്ള ഒപ്പാണെങ്കിൽ പണം തിരിച്ചുകൊടുക്കേണ്ടതില്ല. ഇംഗ്ലിഷിലാണെങ്കിൽ തിരികെ കൊടുത്തിരിക്കണം. ബഷീറിന്റെ മലയാളം ഒപ്പുള്ള ചെക്കുകൾ ധാരാളം കൈപ്പറ്റിയിട്ടുണ്ടെന്നു മാമുക്കോയ ഓർത്തോർത്ത് പറഞ്ഞിട്ടുണ്ട്.
നാല് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്രസപര്യയിൽ രണ്ടുതവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തിന്റെ കൈകളിൽ എത്തി. 'പെരുമഴക്കാല’ത്തിലെ കഥാപാത്രത്തിന് 2004 ൽ സംസ്ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. കേരള സർക്കാർ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്കാരം ഏർപ്പെടുത്തിയ 2008 ൽ അതു ലഭിച്ചത് അദ്ദേഹത്തിന് ആയിരുന്നു, ചിത്രം – 'ഇന്നത്തെ ചിന്താവിഷയം’.
2001 ൽ സുനിൽ സംവിധാനം ചെയ്ത കോരപ്പൻ ദ ഗ്രേറ്റ്, ഇ.എം അഷ്റഫിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളിൽ നായകനായി അദ്ദേഹം ക്ഷോഭിച്ചു.
മലയാളത്തിന്റെ വെള്ളിത്തിരയേയും നിലപാടുകളിലെ കൃത്യതയിലൂടെ കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളെയും ഒരേപോലെ വിസ്മയിപ്പിച്ച നടനായിരുന്നു അദ്ദേഹം എന്ന കാര്യത്തിൽ സംശയമില്ല.
കുരുതിയിലെ മൂസാ ഖാലിദായി തിരശ്ശീലയിൽ തിളങ്ങിനിന്ന സമയത്താണ് മാമുക്കോയ അർബുദത്തെ നേരിടുന്നത്. 33 റേഡിയേഷനും ആറു കീമോതെറാപ്പിക്കും വിധേയനായി. തൊണ്ടയിലായിരുന്നു കാൻസർ ബാധിച്ചത്. എല്ലാം വരുന്നിടത്തുവെച്ചുകാണാം എന്ന രീതിയാണ് മാമുക്കോയ ജീവിതത്തിൽ സ്വീകരിച്ച് പോന്നത്. ജീവിതത്തിൽ നമുക്ക് അസുഖം വരുമെന്നും അപ്പോൾ നിലവിളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞിട്ടുള്ള മാമുക്കോയ പ്രതിസന്ധികളെ അതിജീവിക്കണമെന്നും മാനസികാവസ്ഥയാണ് പ്രധാനമെന്നും അടിയുറച്ച് വിശ്വസിച്ചു. അദ്ദേഹം നമുക്ക് പകർന്നു തന്ന ആത്മവിശ്വാസം ചെറുതൊന്നുമായിരുന്നില്ല.
മലയാള സിനിമാസംസ്കാരികരംഗത്തുനിന്നു ഒരു അതികായൻ കൂടി വിട വാങ്ങുമ്പോൾ, പ്രിയപ്പെട്ട മാമുക്കോയയെ ഓർത്തോർത്ത് ചിരിക്കാനുള്ളപ്പോൾ, മലയാളികളുടെ മനസ്സിൽ നിന്ന് എങ്ങനെയാണ് നിങ്ങൾ മരിക്കുക..?