എന്റെ അനാർചെടിയുടെ മടിയിലമർന്ന് ഞാൻ...

ഏറെ വൈകി എഴുന്നേറ്റ് വരുന്ന സൂര്യനെ കാത്ത്, മടുത്ത് കൊഞ്ഞനം കുത്തുന്ന പ്രകൃതിയുടെ കലപില ശബ്ദമാണ് ഫെബ്രുവരിയിലെ പുലരിയെ മനോഹരമാക്കുന്നത്. എനിക്കാണെങ്കിൽ ഈയിടെ ഫെബ്രുവരിയോട് മറ്റെന്തൊക്കെയോ ഒരഭിനിവേഷം സംഭവിച്ചിട്ടുമുണ്ട്. ഒരുപക്ഷെ, ഞാൻ മരങ്ങളോട് മിണ്ടിതുടങ്ങിയത് ഈ ഫെബ്രുവരിതൊട്ടാവാം. അതിനുമുമ്പും സസ്യങ്ങളെ ഞാൻ ഇഷ്ടപ്പെട്ടിട്ടുണ്ട്, നട്ടിട്ടുണ്ട്, നനച്ചിട്ടുണ്ട്, തലോടിയിട്ടുണ്ട്. പക്ഷെ, നിന്നെ കണ്ടതിൽ പിന്നെയാണ്, ഞാൻ അവരെ സ്നേഹിക്കാൻ തുടങ്ങിയത്. അവരോടൊന്ന് മിണ്ടി തുടങ്ങിയത്.
ഫെബ്രുവരിപ്രഭാതങ്ങളിലെ ഉമ്മറകാഴ്ചകൾക്ക് പ്രത്യേക അനുഭൂതി നൽകുന്നത്, അതിലെ വശ്യമനോഹരമായ കാറ്റും വെയിലും തന്നെയാണ്. ഇപ്പോൾ ഞാനെന്റെ ഉമ്മറത്തിരുന്ന് വലത്തോട്ട് നോക്കുമ്പോ എനിക്കവിടെ പൂത്ത് തുടങ്ങിയ നമ്മുടെ അനാർമരം കാണാം. നാജിയും ഉമ്മയും ചേർന്ന് നട്ട അനാറിന്റെ കുഞ്ഞിലകൾ എന്നോടിപ്പോൾ പുഞ്ചിരിക്കുന്നുണ്ട്. ആ ബലം കുറഞ്ഞ ചില്ലകൾ ഏറെ നേരമായി ആടിക്കൊണ്ടിരിക്കുന്നു, എന്നോടെന്തൊക്കെയോ പരിഭവങ്ങൾ പറയാനുള്ളതായി ആംഗ്യം കാണിക്കുയാണവൾ.
ബാല്യം വിട്ടൊഴിയും മുമ്പേ ഒരു യുവതിയുടെ ആത്മസംഘർഷങ്ങളെ നെഞ്ചണയേണ്ടിവന്നവൾക്ക് ഒരായുസ്സിന്റെ അനുഭവം സംവദിക്കാനുണ്ടാവും. ഓരോ കാലവും ഓരോ രൂപഭാവവ്യത്യാസങ്ങൾ ഞാനവളിൽ ശ്രദ്ധിച്ചിട്ടുണ്ട്. വർഷത്തിലൊരിക്കൽ അവൾ ഫലം കായ്ക്കാറുണ്ട്, അന്ന് പക്ഷെ, എന്തോരം വേദനകൾ അവൾ കടിച്ചമർത്തിക്കാണണം. പേറ്റുനോവും പ്രസവാനന്തര അവസ്ഥയും മാത്രമല്ല, നന്നേ ബലം കുറഞ്ഞ ചില്ലകളിൽ ഭാരമുള്ള അനാർ പഴങ്ങളെ മൊട്ടിട്ടു, പൂവിട്ട്, കായ്ച്ച്, പച്ചയിൽ നിന്നും പഴുപ്പിലേക്ക് വളർത്തി.. അങ്ങിനെ എന്തോരം അനാറുകൾ.. ഭാരകൂടുതൽ കാരണം ക്ഷീണിച്ച് ഒടിഞ്ഞുവീഴാൻ പോകുമ്പോ ഉമ്മയും നാജിയും ബലമുള്ള ഊന്നുവടികളുമായി താങ്ങു തീർക്കും. അന്നേരം അവളുടെ ഉള്ളറിഞ്ഞുള്ള സ്നേഹച്ചിരികാണാം.. അപ്പോളവൾ അത്യാനന്ദത്താൽ ഒളികണ്ണിട്ട് ആത്മഗതംകൊണ്ടത് എന്തൊക്കെയാവും?.
വർഷത്തിലൊരിക്കൽ ഇലകളെല്ലാം പൊഴിഞ്ഞു നിൽക്കുന്ന അനാർ മരം കാഴ്ചയിൽ നോവ്തീർക്കും. മാസമുറയുടെ അടിവയർ വേദനയെ ഒന്ന് വിതുമ്പാൻ പോലുമാവാതെ കടിച്ചമർത്തുന്നവളുടെ നിസ്സഹായതാണ് ഇലപൊഴിഞ്ഞ അനാർചെടിയെക്കുറിച്ചുള്ള എന്റെ കാഴ്ച. ശരിയാ, അവളെ മരമെന്ന് വിളിച്ചത് എന്റെ തെറ്റാണ്, ബാല്യത്തിൽ പ്രസവിക്കേണ്ടി വന്നവളെ ഒരു സ്ത്രീയോടുപമിച്ചത് പോലെ.. എന്റെ കൺ മുന്നിലിപ്പോഴുമുള്ളത് സുന്ദരിയായ അനാർ ചെടിയാണ്.. ഇപ്പോഴും ബാല്യത്തിന്റെ നൈർമല്യമുള്ള കുഞ്ഞു ചെടി.
കൊടുംചൂടുള്ള ചില രാപ്പകലുകളിൽ ഇലകളില്ലാതെ, ഉണങ്ങി വാടിയ ചില്ലകളായി, ഒരു കിളിപോലും വന്നിരിക്കാൻ മടിക്കുന്ന ഏകാന്തതയിൽ അവൾ നീറിജീവിക്കും. എങ്ങോ.. ഉപേക്ഷിക്കപ്പെട്ടവളെപ്പോലെ. കഥപറയാനും കൂട്ടുകൂടാനും വിലക്കേൽപ്പിക്കപ്പെട്ടവളെപ്പോലെ. ഉമിനീരിറക്കാൻപോലും ശേഷി നഷ്ടപ്പെട്ട വിഷാദമാണോ അവൾക്ക്, അതല്ല തന്നിൽ പൂക്കാൻ പോകുന്ന ഫലങ്ങൾക്കായി തന്റെ ശരീരത്തെ പാകപ്പെടുത്തുന്നവളുടെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പാണോ ഇത്??
ഞാൻ പതിവിനുവിരുദ്ധമായി കുറെയധികം അധികാരത്തോടെയും സ്നേഹത്തോടെയും അവളെ ശ്രദ്ധിക്കുന്നത് അവൾ എങ്ങിനെയാകും നോക്കി കാണുക?? അവളുടെ അർത്ഥമറിയിക്കാതെയുള്ള ചിരിക്ക് എന്ത് നിർവചനമാണുള്ളത്... പരിമിതികളുടെ ലോകത്ത് കഥയറിയാതെ സ്വപ്നംകാണുന്ന വിഡ്ഢിയായ മനുഷ്യനോടുള്ള പുച്ഛം കാണുമോ?? സ്വകാര്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് നോക്കുന്നവനോടുള്ള അമർഷവും പരാതിയും കാണുമോ?? എന്റെ രാപ്പകലുകൾക്ക് ഉറങ്ങാതെ സാക്ഷിയായവളുടെ, ഇനിയുമൊരുപാട് പോക്കുവെയിലുകൾ കാണാൻ ആയുസ്സ്ബാക്കിയുള്ളവളുടെ പക്വതയാണോ നൈർമല്യംനിറഞ്ഞ നിന്റെ പുഞ്ചിരി?
ഇപ്പോൾ, എന്റെ ഉമ്മറത്താകെ മണ്ണിന്റെ മണമാണ്. ആദ്യമഴയുടെ സംയോഗലഹരിയിൽ വരണ്ടുണങ്ങിയ വേരിനെ വാരിപ്പുണരുന്ന മണ്ണിന്റെ വിയർപ്പുഗന്ധം. നീണ്ട പനിക്കാലമത്രയും മടിച്ചുറങ്ങിയ ഭൂമിയെ, ആകാശം ഒരുകുടം മഴകൊണ്ട് കുളിപ്പിച്ചെടുത്തിരിക്കുന്നു. ജൂണിലെ നനവുള്ള പ്രഭാതത്തിൽ അവൾ വീണ്ടും ചിരിച്ചു തുടങ്ങിയിരിക്കുന്നു. ഞാൻ നോക്കുമ്പോൾ കുഞ്ഞിലകൾ അങ്ങിങ്ങായി പച്ചയണിഞ്ഞിരിക്കുന്നു, പതിയെവീശുന്ന മൺസൂൺ കാറ്റ് ഇളം ചില്ലകളെ തലോടിക്കൊണ്ടിരിക്കുന്നു. ഒറ്റപ്പെട്ട മൊട്ടുകൾ വസന്തത്തെക്കുറിച്ചുള്ള സന്തോഷമറിയിക്കുന്നു. ഗ്രീഷ്മവും ഹേമന്തവും ശിശിരവും ആവർത്തിച്ചുകൊണ്ടേയിരിക്കട്ടെ.
ഋതുക്കൾ മാറി മറഞ്ഞുവരട്ടെ, കാലങ്ങൾ കൊറേ കഴിഞ്ഞ്.. അങ്ങിനെ, ഒരു പോക്കുവെയിലിൽ ഞാനും നീയും.. കിളികളുടെ കലപിലകൾക്കുതാഴെ നിന്റെ മടിയിൽ, നിന്റെ തണലിൽ എനിക്ക് കാറ്റുകൊണ്ടുറങ്ങണം. അനന്തമായ ഉറക്കം. പിന്നെ, ഉണരാത്ത ഞാൻ, നീയുള്ള മണ്ണിലങ്ങിനെ.., മണ്ണ് തിന്ന എന്റെ മാംസം ഭൂമിയിലാഴ്ന്ന നിൻ വേരുകളിലൂടെയാ നാഡീനരമ്പുകളിൽ ലയിക്കട്ടെ. അപ്പഴും നശിക്കാത്ത എന്റെ അസ്ഥികൾ നിന്നെ വേരിന്റെ ഭാഗമാവട്ടെ. അങ്ങിനെ ഞാൻ അനശ്വരനായ് നിന്നിലലിയട്ടെ. അന്ന് തൊട്ടെങ്കിലും നിന്റെ വസന്തങ്ങൾ എന്റേതുകൂടിയാവും, നിന്റെ വേദനകളും...